Weather (state,county)

Breaking News

കാര്‍ബണ്‍ വജ്രമാണ്

വസ്ഥാഭേദങ്ങളോടെ പ്രകൃതിയില്‍ കാണപ്പെടുന്ന മൂലകമാണ് കാര്‍ബണ്‍. ചാരവും വജ്രവും അതിന്റെ രണ്ട് വ്യത്യസ്ത രൂപങ്ങള്‍. രണ്ടറ്റത്തു നില്‍ക്കുന്ന ഗുണങ്ങളോടു കൂടിയ പദാര്‍ഥങ്ങള്‍. വേണു സംവിധാനം ചെയ്ത പുതിയ ചിത്രത്തിന് കാര്‍ബണ്‍ എന്ന പേര് അര്‍ഥഗര്‍ഭമാവുന്നത് അങ്ങനെയാണ്.
ഇന്ത്യയിലെ പ്രഗല്‍ഭരായ ഛായാഗ്രാഹകരില്‍ ഒരാളായ വേണു ദയ, മുന്നറിയിപ്പ് എന്നീ ചിത്രങ്ങളിലൂടെ സംവിധായകന്‍ എന്ന നിലയില്‍ തന്റെ ഇടം രേഖപ്പെടുത്തിയിട്ടുണ്ട്. വേണുവിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് കാര്‍ബണ്‍. ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് മലയാളി പ്രേക്ഷകര്‍ കാത്തിരുന്നത്. വേണു എന്ന സംവിധായകനിലും ഫഹദ് ഫാസില്‍ എന്ന നടനിലും പ്രേക്ഷകര്‍ക്കുണ്ടായിരുന്ന പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്നതാണ് കാര്‍ബണിന്റെ തിയേറ്റര്‍ അനുഭവം.
വലിയ അവകാശവാദങ്ങളില്ലാതെ,  ഉള്ളടക്കത്തെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ നല്‍കാത്ത ട്രെയിലറോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മുന്‍ ചിത്രങ്ങളിലേതുപോലെ, വാണിജ്യ സിനിമയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടു നല്ല സിനിമയുടെ ജീവശ്വാസം നിലനിര്‍ത്താനുള്ള നിശ്ചയം ഈ ചിത്രത്തിലും സംവിധായകന്‍ കൈവിടുന്നില്ല.
ആദിമധ്യാന്തം ത്രില്ലര്‍ മൂഡ് നിലനിര്‍ത്തിക്കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രമാണ് കാര്‍ബണ്‍. എന്നാല്‍ ത്രില്ലര്‍ എന്ന പുറന്തോടിനുള്ളില്‍ ഫാന്റസിയും മിസ്റ്ററിയും ഹൊററും അടങ്ങിയിരിക്കുന്നു. വ്യസ്ത്യസ്ത വ്യാഖ്യാന സാധ്യതകളുടെ അടരുകളാണ് കാര്‍ബണിന്റെ രാസഘടനയിലുള്ളത്. എല്ലാറ്റിലും കുട പിടിച്ചുകൊണ്ട് പ്രകൃതി അതിന്റെ നിഗൂഢ ഭാവങ്ങളോടെ സിനിമയിലുടനീളം ശിഖരങ്ങള്‍ വീശിനില്‍ക്കുന്നു.
ജീവിതത്തില്‍ ഒരുപാട് ഉയരങ്ങള്‍ സ്വപ്നം കാണുന്നയാളാണ് കോട്ടയത്തുകാരനായ സിബി. റിയലിസ്റ്റിക് ആയി ജീവിതത്തിലെ സാധാരണത്വങ്ങളില്‍ അഭിരമിക്കാനല്ല, എളുപ്പവഴിയിലൂടെ അസാധ്യമെന്നു കരുതുന്നവ നേടിയെടുക്കാനാണ് അയാളുടെ ആഗ്രഹം. അതിനായി ചെറുകിട തട്ടിപ്പുകളും രഹസ്യക്കച്ചവടങ്ങളുമടക്കം എളുപ്പത്തില്‍ പണക്കാരനാകാനുള്ള എല്ലാ വഴികളും അയാള്‍ തേടുന്നുണ്ട്. ഒന്നും ശരിയാകുന്നില്ല. പത്തു വട്ടമെങ്കിലും ശ്രമിക്കണം കടുവയ്ക്ക് അതിന്റെ ഇരയെ പിടികൂടാന്‍ എന്ന പ്രകൃതിനിയമത്തില്‍ വിശ്വസിക്കുന്നതുകൊണ്ട്  പിന്‍മാറാന്‍ അയാള്‍ തയ്യാറുമല്ല.
കാട്ടിനു നടുവിലെ ഏകാന്തമായ ഒരു കൊട്ടാരത്തില്‍ മാനേജറായി എത്തുന്നതോടെ സിബിയുടെ ജീവിതത്തില്‍ പുതുതായി പലതും സംഭവിക്കുകയാണ്. തന്റെ ജീവിതം മാറ്റിമറിക്കാന്‍, ഇതുവരെ താന്‍ സ്വപ്നം കണ്ടിരുന്ന ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ മാര്‍ഗം തുറക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ അത്ര എളുപ്പമുള്ള വഴിയിലൂടെയല്ല ഇനി യാത്ര ചെയ്യേണ്ടത്. കാട്ടുസവാരി ഇഷ്ടപ്പെടുന്ന സമീറ(മംമ്ത മോഹന്‍ദാസ്), കാടിനെ കൈത്തലം പോലെ അറിയാവുന്ന സ്റ്റാലിന്‍(മണികണ്ഠന്‍), ആദിവാസി ബാലന്‍ കണ്ണന്‍(ചേതന്‍) എന്നിവര്‍ക്കൊപ്പം അയാള്‍ കാടിന്റെ നിഗൂഢതകളിലേക്ക് യാത്ര തിരിക്കുകയാണ്.
ചിത്രത്തിലെ പ്രധാന കഥാപാത്രം കാടാണെന്നു പറയാം. എന്നാല്‍ കാടിന്റെ സൂക്ഷ്മസൗന്ദര്യങ്ങളല്ല, വന്യതയും നിഗൂഢതകളുമാണ് നിറഞ്ഞു നില്‍ക്കുന്നത്. കാട്ടിലേക്കിറങ്ങുന്ന നാലു പേരും നാലു തരത്തില്‍ കാടിനെ മനസ്സിലാക്കുന്നവരാണ്. സ്വാര്‍ത്ഥനാണ് സിബി. പ്രയോജനവാദത്തിലൂന്നിയ ആധുനിക മനുഷ്യന്റെ പ്രായോഗിക യുക്തിയിലാണ് അയാള്‍ കാടിനെ അളക്കുന്നത്. സമീറയാകട്ടെ, സംയമനത്തോടെ പ്രകൃതിയെ അറിയാനും പഠിക്കാനും ശ്രമിക്കുന്ന, അതിന്റെ താളത്തെ ഭംഗപ്പെടുത്താന്‍ ആഗ്രഹിക്കാത്തവളാണ്. പ്രകൃതിയുടെ വന്യതയോട് കായികമായി മല്ലിട്ടു ജീവിക്കുന്ന, സിബിയ്ക്കും കാടിനും മധ്യേ വര്‍ത്തിക്കുന്ന ആളാണ് സ്റ്റാലിന്‍. ആദിവാസിയായ കണ്ണനാകട്ടെ കാടിനെ/പ്രകൃതിയെ ഉള്ളില്‍ വഹിക്കുന്നവനും അതില്‍ ജീവിക്കുന്നവനുമാണ്. കാടിന്റെ നിഗൂഢനിയമങ്ങളെ കേവല യുക്തികൊണ്ട് അളക്കാനാവില്ലെന്ന് തിരിച്ചറിയുന്നവന്‍.
പൂര്‍വികര്‍ കാവലിരിക്കുന്ന തലക്കാണിയിലേയ്ക്ക് പോകുന്നത് അസാധ്യമെന്നാണ് കണ്ണന്റെ കൂട്ടര്‍ വിശ്വസിക്കുന്നത്. സാധാരണ ഗതിയില്‍ മനുഷ്യന് പ്രവേശിക്കാനാവുന്നതിനും അപ്പുറത്തുള്ള ഒരു ഇടമാണത്. അതുകൊണ്ടുതന്നെയാണ് അവിടെ പോകണമെന്ന് സിബിക്ക് നിര്‍ബന്ധമുള്ളതും. ആ ഇടവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളെല്ലാം സിബിയെ സംബന്ധിച്ചിടത്തോളം യുക്തിരഹിതങ്ങളാണ്. പ്രകൃതിയുടെ താളങ്ങളെ മറികടന്ന് സിബിയുടെ ആധുനിക യുക്തിക്ക് ഏറിയാല്‍ എവിടംവരെ പോകാനാകും? 
പല രീതിയില്‍ ആസ്വദിക്കാവുന്ന ചിത്രമാണ് കാര്‍ബണ്‍. മനുഷ്യ മനസ്സുപോലെ സങ്കീര്‍ണമായ കാട് യാഥാര്‍ഥ്യമായും രൂപകമായും ചിത്രത്തില്‍ മാറിമാറി കടന്നുവരുന്നു. കാട്ടിലൂടെയുള്ള യാത്ര മനുഷ്യഭാവനയുടെയും കാമനയുടെയും സ്വാര്‍ഥത്തിന്റെയും നിഗൂഢകളിലൂടെയുള്ള സഞ്ചാരമായി മാറുന്നു. മനുഷ്യന്റെ തീരാത്ത അഭിലാഷങ്ങള്‍ക്കു പിന്നാലെയുള്ള യാത്രയാണ് സിബിയുടേത്. എന്നാല്‍ അവിടെ യാഥാര്‍ഥ്യങ്ങളും മിഥ്യകളും ഇട കലരുന്നു. 
തലക്കാണിയില്‍ പോയവരാരും പോയതു പോലെയല്ല തിരിച്ചുവന്നിട്ടുള്ളതെന്ന് കണ്ണന്‍ ഒന്നിലേറെ തവണ പറയുന്നുണ്ട്. ആ യാത്രയുടെയും അതിന്റെ അന്ത്യത്തിന്റെയും സൂചനയാണതെന്ന് ചിത്രം അവസാനിക്കുമ്പോള്‍ നാം തിരിച്ചറിയും. എന്നാല്‍ കാടു പകര്‍ന്നു നല്‍കുന്ന കേവല മാനസാന്തരത്തിന്റെ പതിവു പരിസമാപ്തിയല്ല സിനിമയ്ക്കുള്ളത്. സ്വപ്നമോ യാഥാര്‍ഥ്യമോ എന്നു തറപ്പിച്ചു പറയാതെ, വിജയവും പരാജയവും പ്രക്ഷകനു വിട്ടുനല്‍കുന്ന അന്ത്യമാണ് ചിത്രത്തിന്റേത്.
കാര്‍ബണ്‍ എന്ന ഒരേ മൂലകം ചാരവും വജ്രവും പോലെ വ്യത്യസ്തവസ്തുക്കളായി പ്രകൃതിയില്‍ രൂപപ്പെടുംപോലെ, പ്രകൃതി മനുഷ്യരില്‍ നടത്തുന്ന വിചിത്രമായ രൂപപ്പെടുത്തലുകളുടെ ആഖ്യാനമായി ചിത്രത്തെ കാണാം.  തിരക്കഥയും സംഭാഷണങ്ങളും പ്രേക്ഷകന്റെ കൂടി ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ട്. ആകാംക്ഷയും അപ്രതീക്ഷിതത്വവും ഭീതിയും പ്രതീക്ഷയും ഓരോ നിമിഷവും തിരശ്ശീലയിലേക്ക് കണ്ണു നട്ടിരിക്കാന്‍ പ്രേക്ഷകനെ പ്രാപ്തമാക്കുന്നു. ഒരിടത്തുമാത്രം കെട്ടി നിര്‍ത്താത്ത, അതിനാല്‍ത്തന്നെ പല തലത്തില്‍ ആസ്വദിക്കാവുന്ന ചിത്രമായി കാര്‍ബണ്‍ മാറുന്നത് അങ്ങനെയാണ്.
മുന്‍ സിനിമകളില്‍ കാഴ്ച്ചവെച്ച സ്വതഃസിദ്ധവും സ്വാഭാവികവുമായ ഭാവങ്ങള്‍ക്കൊണ്ട് ഫഹദ് ഫാസില്‍ മനസ്സില്‍ ഇടം പിടിക്കുന്നു. നിഷ്‌കളങ്കതയും കാപട്യവും മിന്നിമറയുന്ന, ചിലപ്പോള്‍ വെറുപ്പുപോലും ഏറ്റുവാങ്ങുന്നത്ര സ്വാര്‍ഥതയുള്ള, മറ്റുചിലപ്പോള്‍ സഹതാപാര്‍ഹമായ നിസ്സഹായത പ്രകടിപ്പിക്കുന്ന സന്ദര്‍ഭങ്ങളിലൂടെ ഫഹദ് പ്രേക്ഷകനെ കൊണ്ടുപോകുന്നു. മണികണ്ഠന്‍, ചേതന്‍ എന്നിവരുടേതും മികച്ച പ്രകടനമായി. 
വേണുവിലെ സംവിധായകന്റെയും കാമറമാന്റെയും ചിത്രമാണ് കാര്‍ബണ്‍. ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ മലയാളി ഛായാഗ്രാഹകന്‍ കെ.യു. മോഹനന്റെ കാമറ കാടിന്റെ വന്യസൗന്ദര്യം തീക്ഷ്ണമായി പകര്‍ത്തിയിരിക്കുന്നു. ബോളിവുഡില്‍നിന്നുതന്നെയുള്ള വിശാല്‍ ഭരദ്വാജാണ് സംഗീത സംവിധാനം. സിനിമയുടെ മൂഡ് സൃഷ്ടിക്കുന്നതില്‍ ബിജിപാലിന്റെ പശ്ചാത്തല സംഗീതം വലിയ പങ്കാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ജിജ്ഞാസ നിലനിര്‍ത്തി മുന്നേറുന്ന ചിത്രം ബീന പോളിന്റെ എഡിറ്റിങ് വൈദഗ്ധ്യംകൊണ്ടുകൂടി ഹൃദ്യമാകുന്നു.
Mathrubhoomi:-
https://goo.gl/c4jyqu