മുളയിൽ നിന്ന് ജൈവ ഇന്ധനം , കാറോടിക്കാൻ പുതിയ ആശയവുമായി ഇന്ത്യ
ന്യൂഡൽഹി : ഇന്ത്യക്കിത് മാറ്റങ്ങളുടെ കാലമാണ്. മേക്ക് ഇൻ ഇന്ത്യ പോലെയുള്ള പദ്ധതികൾ രാജ്യത്തിനു നൽകിയത് സ്വപ്ന തുല്യമായ നിരവധി നേട്ടങ്ങളും ഒപ്പം മാറ്റങ്ങളുമാണ്.
ഇന്നിതാ ജൈവ ഇന്ധന ഗവേഷണത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ വ്യത്യസ്തമായൊരു ആശയം മുന്നോട്ടു വയ്ക്കുന്നു, പുല്ലിലോടുന്ന കാര്‍.
രാജ്യത്തെ എണ്ണ ഉപയോഗവും ഇറക്കുമതിയും റെക്കോര്‍ഡ് വേഗത്തിൽ കുതിക്കുമ്പോൾ ഇന്ത്യ ഇതിനു പ്രതിവിധിയായി കാണുന്നത് മുളയിൽ നിന്നുള്ള ഇന്ധനത്തെയാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പരീക്ഷണാര്‍ഥം തുടങ്ങുന്ന ‘മുള ഇന്ധനം’ ക്രമേണ രാജ്യമെമ്പാടും വ്യാപിപ്പിക്കും.
ഈ മേഖലയില്‍ ദ്രുതഗതിയിലുള്ള മുന്നേറ്റത്തിനാണു മോദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ധാരാളമായി കാണപ്പെടുന്നതാണ് മുള. രാജ്യത്തെവിടെയും വളരുന്നുണ്ട് ഇത്.
മുളയെ ജൈവ ഇന്ധനമാക്കി മാറ്റുന്നതു രാജ്യത്തിനു വലിയ അവസരങ്ങള്‍ തുറക്കും. ഇന്ത്യയുടെ ഇന്ധന സുരക്ഷയില്‍ മുളയ്ക്കു ശ്രേഷ്ഠ സ്ഥാനവും ലഭിക്കും. ഇത് ആദ്യ പരീക്ഷണമാണ്. എന്നാല്‍ സങ്കീര്‍ണതകളില്ലാത്ത പദ്ധതിയുമാണ്- അസം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ നുമലീഗഡ് റിഫൈനറി ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ എസ്.കെ.ബറുവ പറഞ്ഞു.
നുമലീഗഡ് റിഫൈനറി ലിമിറ്റഡും , ഫിന്നിഷ് ടെക് കമ്പനി ചെംപൊലിസ് ഒയിയും ഇതിനായി 20 കോടി ഡോളറിന്റെ സംയുക്ത സംരംഭത്തില്‍ ഒപ്പുവച്ചു കഴിഞ്ഞു.
അസമില്‍ ധാരാളമുള്ള മുള സംസ്കരിച്ചു പ്രതിവര്‍ഷം 60 കോടി ലീറ്റര്‍ എഥനോള്‍ ഉല്പാദിപ്പിക്കുകയാണ് ആദ്യപടി. ഇതു നിലവിലെ വാഹന ഇന്ധനവുമായി കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുകയാണു ലക്ഷ്യം.
മാത്രമല്ല ഗ്രാമീണ, കാര്‍ഷിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ വരുമാനം ഉയരുകയും, ഒരു പരിധിവരെ അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനും സാധിക്കും.
പരുത്തിയുടെയും ഗോതമ്പിന്റെയും നെല്ലിന്റെയുമൊക്കെ കച്ചി, കരിമ്പിന്‍ചണ്ടി എന്നിവയില്‍നിന്നെല്ലാം എഥനോള്‍ നിര്‍മാണത്തിനാവശ്യമുള്ള ‘ബയോമാസ്’ കണ്ടെത്താനാവും.
പട്ടണങ്ങളിലെ മാലിന്യത്തില്‍നിന്നും എഥനോള്‍ ഉല്പാദിപ്പിക്കാം.
ഒരു ടണ്‍ വൈക്കോലില്‍ നിന്ന് 400 ലീറ്റര്‍ എഥനോള്‍ നിര്‍മിക്കാമെന്നാണു കണ്ടെത്തല്‍. ഹരിയാനയിലും മറ്റും കൊയ്ത്തിനുശേഷം ഗോതമ്പ് പാടങ്ങളില്‍ തീയിടുന്നതു മൂലമുള്ള പരിസ്ഥിതി പ്രശ്നവും ഇതിലൂടെ പരിഹരിക്കാം.
ഇന്ത്യയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും എണ്ണ ഇറക്കുമതിക്കായി വിദേശത്തേക്ക് പോകുകയാണ്.ഇത് രാജ്യപുരോഗതിക്കു തടസ്സമാണ്.
ഈ സാഹചര്യത്തെ നേരിടാന്‍ അഴുക്കുവെള്ളം മുതല്‍ വൈക്കോല്‍ വരെ ഉപയോഗപ്പെടുത്തി ബദല്‍ മാര്‍ഗം കണ്ടെത്തണമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം.
2022 ല്‍ പെട്രോളിയം ഉല്പന്നങ്ങളുടെ ഉപയോഗത്തില്‍ 10 ശതമാനം കുറവുണ്ടാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
https://janamtv.com/80088681/