Weather (state,county)

Breaking News

ഇ ശ്രീധരനില്ലെങ്കിൽ ഒരു പ്രശ്നവുമില്ലെന്ന് ജി സുധാകരൻ

തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരനെതിരെ വീണ്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാൻ ഡിഎംആർസിയും ഇ ശ്രീധരനും ഇല്ലെങ്കിൽ ഒരു പ്രശ്നവുമില്ല. നയപരമായ കാര്യങ്ങളിൽ ശ്രീധരൻ ഇടപെടേണ്ടെന്നും സുധാകരൻ പറഞ്ഞു.
സൽപ്പേരുണ്ടെന്നു കരുതി സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ വരേണ്ട. കൊടുക്കാത്ത കരാർ ചോദിച്ചുവാങ്ങാൻ ശ്രീധരന് എന്ത് അധികരമാണുള്ളതെന്നും സുധാകരൻ ചോദിച്ചു.
നേരത്തെ, ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് ഡിഎംആർസി പിന്മാറിയത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥമൂലമാണെന്ന് ഡിഎംആർസി മുഖ്യഉപദേഷ്ടാവ് കൂടിയായ ഇ ശ്രീധരൻ പറഞ്ഞിരുന്നു.
തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതികളിൽ നിന്നും പിന്മാറുന്നതിൽ നിരാശയുണ്ടെന്നും. പലതവണ കത്തയച്ചിട്ടും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും മറുപടി ലഭിച്ചില്ല. . കരാർ ഒപ്പിടുകയോ ഡിപിആർ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നും ശ്രീധരൻ പറഞ്ഞിരുന്നു.
ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് പിന്മാറുന്ന കാര്യം കഴിഞ്ഞ ദിവസമാണ് ഡിഎംആർസി ഔദ്യോഗികമായി അറിയിച്ചത്. ഇതിന്റെ ഭാഗമായി കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ഓഫീസുകൾ ഡിഎംആർസി അടച്ചിരുന്നു.
ഇതാദ്യമായല്ല ശ്രീധരനെ അധിക്ഷേപിച്ച് മന്ത്രി സുധാകരൻ രംഗത്തെത്തുന്നത്. വൈറ്റില പാലം സംസ്ഥാന സർക്കാർ പണിയുന്നതിനെതിരെ ശ്രീധരൻ നടത്തിയ അഭിപ്രായ പ്രകടനമായിരുന്നു അന്ന് സുധാകരനെ ചൊടിപ്പിച്ചത്. ഇ ശ്രീധരൻ ദേശീയപാത വികസനത്തിന് എതിരു നിൽക്കുകയാണെന്നും ആവശ്യമില്ലാത്ത കാര്യത്തിൽ കയറി ഇടപെടുകയാണെന്നും  ജി സുധാകരൻ പറഞ്ഞിരുന്നു.
ഹേ മിസ്റ്റർ ശ്രീധരൻ നിങ്ങളൊരു പഞ്ചായത്ത് മെംബർ പോലും ആയിട്ടില്ലല്ലോ ? ഇല്ല . നിങ്ങളൊരു ജനപ്രതിനിധി ആയിട്ടില്ലല്ലോ .ഇല്ല. ഞങ്ങൾ കൊച്ചുന്നാൾ മുതൽ വിദ്യാഭ്യാസം ഉപേക്ഷിച്ചു നിൽക്കുന്നവരാണ് . പഠിച്ചിരുന്നെങ്കിൽ ഞങ്ങൾക്കും എഞ്ചിനീയറും ഹൈക്കോടതി ജഡ്ജിയും ഒക്കെ ആകാമായിരുന്നു . ഞങ്ങൾ അതുപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ടവരാണെന്നും ജി സുധാകരൻ പറഞ്ഞിരുന്നു.
https://janamtv.com/80085232/