വാട്സ്ആപ്പ് സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള സമയ പരിധി ഒരു മണിക്കൂറായി നീട്ടി
വാട്സ്ആപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി ഏഴ് മിനിറ്റില്‍ നിന്നും ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ് നേരമാക്കി വര്‍ധിപ്പിക്കുന്നു. വാബീറ്റ ഇന്റഫോ എന്ന വാട്സ്ആപ്പ് ഫാന്‍ വെബ്സൈറ്റ് ആണ് വാട്സ്ആപ്പ് ഈ പുതിയ അപ്ഡേറ്റ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്.
വാട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.69 ല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍ വന്നതായി വാബീറ്റ റിപ്പോര്‍ട്ട് ചെയ്യുന്നു. താമസിയാതെ ആന്‍ഡ്രോയിഡ്, ഐഓഎസ് സ്റ്റേബിള്‍ പതിപ്പുകളിലേക്ക് പുതിയ അപ്ഡേറ്റ് എത്തും.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഉപയോക്താക്കള്‍ ഏറെ ആഗ്രഹിച്ചിരുന്ന അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ചത്. അബദ്ധത്തില്‍ അയച്ചുപോകുന്ന സന്ദേശങ്ങള്‍ മൂലമുണ്ടാകുന്ന പൊല്ലാപ്പുകള്‍ ഇല്ലാതാക്കുന്നതിന് ഈ ഫീച്ചര്‍ സഹായകമാണ്. ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പടെയുള്ള സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിലൂടെ സാധിക്കും.
ഏഴ് മിനിറ്റിനുള്ളില്‍ സന്ദേശം നീക്കം ചെയ്തിരിക്കണം. ആ സമയപരിധി കഴിഞ്ഞാല്‍ അതിന് സാധിക്കില്ല. സന്ദേശം ഡിലീറ്റ് ചെയ്തതിന്റെ അറിയിപ്പ് സന്ദേശം അയച്ചയാളിനും സ്വീകര്‍ത്താവിനും ലഭിക്കും.
ഫീച്ചര്‍ ഏറെ ഉപകാരപ്രദമാണെങ്കിലും ഏഴ് മിനിറ്റ് സമയപരിധി വളരെ കുറവാണെന്ന അഭിപ്രായമുയര്‍ന്നിരുന്നു. ഈ പ്രശ്നത്തിനാണ് വരാനിരിക്കുന്ന അപ്ഡേറ്റിലൂടെ വാട്സ്ആപ്പ് പരിഹരിക്കാനൊരുങ്ങുന്നത്. അതോടെ ഒരു മണിക്കൂറിന് ശേഷവും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള അവസരമൊരുങ്ങും.
Mathrubhoomi