Weather (state,county)

Breaking News

കൗമാരക്കാര്‍ക്കിടിയിലെ സോഷ്യല്‍ മീഡിയ ഉപയോഗം; വ്യക്തി ബന്ധങ്ങള്‍ താറുമാറാക്കുമെന്ന് പഠനം

കൗമാരക്കാര്‍ക്കിടയിലെ സോഷ്യല്‍ മീഡിയ ഉപയോഗം ഇന്ന് അന്താരാഷ്ട്രതലത്തില്‍ ഒരു ചര്‍ച്ചാ വിഷയമാണ്. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയാ രംഗത്തെ പ്രധാനിയായ ഫെയ്‌സ്ബുക്ക് കുട്ടികള്‍ക്ക് വേണ്ടി മെസഞ്ചര്‍ കിഡ്‌സ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ച ഈ സാഹചര്യത്തില്‍. സോഷ്യല്‍ മീഡിയാ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഒരു വലിയ വിഭാഗം ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
കുട്ടികള്‍ ഏറെ നേരം സോഷ്യല്‍ മീഡിയാ സങ്കേതങ്ങളില്‍ ചിലവഴിക്കുന്നത് അവരുടെ യഥാര്‍ത്ഥ ജീവിതത്തിലെ വ്യക്തി ബന്ധങ്ങളെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ കാന്‍ഡിസ് ഓഡ്‌ജേഴ്‌സ് നടത്തിയ പഠനം കണ്ടെത്തിയിരിക്കുന്നത്.
മറ്റുള്ളവരുമായി സംഘട്ടനങ്ങളുണ്ടാവുക, തര്‍ക്കങ്ങളുണ്ടാവുക, സ്‌കൂളില്‍ പ്രശ്‌നങ്ങളുണ്ടാക്കുക തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ ഫലങ്ങളായി കുട്ടികളുടെ വ്യക്തിജീവിതത്തിലുണ്ടാവുന്നത്. സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന, അല്ലെങ്കില്‍ വരുമാനം കുറവുള്ള കുടുംബങ്ങളിലെ കുട്ടികളിലാണ് ഈ പ്രശ്‌നങ്ങള്‍ കൂടുതലായും കണ്ടുവരുന്നത്. അവരാണ് സൈബര്‍ ഇടങ്ങളില്‍ കൂടുതലും അപമാനിക്കപ്പെടുകയും വിവിധ വിര്‍ച്വല്‍ ആക്രമണങ്ങളുടെ ഇരകളാക്കപ്പെടുകയും ചെയ്യുന്നത്.
എങ്കിലും ഈ ഡിജിറ്റല്‍ യുഗത്തില്‍ ഭൂരിഭാഗം കുട്ടികളും നല്ലരീതിയിലാണ് മുന്നോട്ടുപോവുന്നതെന്നും ഇലക്ട്രോണിക് മാധ്യമങ്ങള്‍ നല്‍കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നുണ്ടെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 
ആഗോള തലത്തില്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗം ഒരു ദോഷമായി കാണുന്നില്ലെന്നും ദുര്‍ബലരായ കുട്ടികളിലാണ് ഓണ്‍ലൈന്‍ ജീവിതം കൂടുതലും വിപരീത ഫലങ്ങളുണ്ടാക്കുന്നതെന്നും  ഓഡ്‌ജേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ പത്തുവര്‍ഷമായി സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്ന കൗമാരക്കാരില്‍ പഠനങ്ങള്‍ നടത്തിവരികയായിരുന്നു ഓഡ്‌ജേഴ്‌സ്. നോര്‍ത്ത് കരോലിനയിലെ സ്‌കൂള്‍ കുട്ടികളില്‍ നടത്തിയ സര്‍വേയില്‍ 11 വയസുള്ള കുട്ടികളില്‍ 48 ശതമാനം പേര്‍ക്കും 14 വയസുള്ളകുട്ടികളില്‍ 85 ശതമാനം പേര്‍ക്കും സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉള്ളവരാണെന്ന് കണ്ടെത്തി.
എത്രനേരം സ്മാര്‍ട്‌ഫോണ്‍, കമ്പ്യൂട്ടര്‍ സ്‌ക്രീനുകളില്‍ ചിലവഴിക്കുന്നോ അത്രയും പ്രശ്‌നങ്ങള്‍ കുട്ടികളിലെ നിത്യജീവിതത്തില്‍ പ്രതിഫലിക്കും. കുട്ടികള്‍ക്ക് നിലവിലുള്ള പ്രശ്‌നങ്ങള്‍ ഒരു കണ്ണാടിയെ പോലെ പ്രതിഫലിപ്പിക്കുകയാണ് സ്മാര്‍ട്‌ഫോണുകള്‍ ചെയ്യുന്നചെന്നും പഠനം പറഞ്ഞുവെക്കുന്നു.
https://goo.gl/EwMSru