പണമയക്കാം ഈസിയായി; വാട്സ്ആപ്പ് പേമെന്റ് പൂര്‍ണരൂപം ഇന്നെത്തും
സുഹൃത്തുക്കള്‍ തമ്മില്‍ വളരെ എളുപ്പം പണമിടപാട് നടത്താന്‍ സഹായിക്കുന്ന വാട്സാപ്പിലെ പീര്‍ റ്റു പീര്‍ പേമെന്റ് ഫീച്ചറിന്റെ പൂര്‍ണരൂപം ഇന്ന് പുറത്തിറങ്ങുമെന്ന് നാഷണല്‍ പേമെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ അറിയിച്ചു. ഏകീകൃത മൊബൈല്‍ ഫോണ്‍ പണമിടപാടുകള്‍ക്കായുള്ള യുപിഐ സംവിധാനം ഉപയോഗിച്ചുള്ള പേമെന്റ് ഫീച്ചറാണ് വാട്സ്ആപ്പില്‍ അവതരിപ്പിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് വാട്സ്ആപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഐ.സി.ഐ.സി.ഐ ബാങ്കുമായി സഹകരിച്ചാണ് വാട്സ്ആപ്പ് പണകൈമാറ്റം നടത്തുക.
രാജ്യത്ത് 20 കോടി സ്ഥിരം ഉപയോക്താക്കളുള്ള വാട്സാപ്പില്‍ വരുന്ന പേമെന്റ് സംവിധാനം ഗൂഗിള്‍ തേസ് പോലുള്ള യുപിഐ പേമെന്റ് ആപ്ലിക്കേഷനുകള്‍ക്ക് കനത്ത ഭീഷണിയാകാനാണ് സാധ്യത.
വാട്സ്ആപ്പ് സന്ദേശം അയക്കുന്നപോലെ പണം അയക്കാന്‍ സാധിക്കും എന്നതാണ് വാട്സ് ആപ്പ് പീര്‍ റ്റു പീര്‍ പേമെന്റിന്റെ പ്രത്യേകത. ഇതിനോടകം വലിയ സ്വീകാര്യത ലഭിച്ച ഗൂഗിള്‍ തേസ് ആപ്പിലും ഇതേ മാതൃകയിലാണ് പണമിടപാട് നടക്കുന്നത്.
നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പേമെന്റ് സംവിധാനമായതിനാല്‍ അതിന്റേതായ സുരക്ഷാ മാനദണ്ഡങ്ങളും സംവിധാനങ്ങളും വാട്സ്ആപ്പ് പേമെന്റ് ഫീച്ചറിനുമുണ്ടാവും.
എങ്ങനെ പണമയക്കാം ?
സാധാരണ യുപിഐ ആപ്ലിക്കേഷനുകളിലേത് പോലെ തന്നെ ആദ്യം നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ പേമെന്റ് ഫീച്ചറുമായി ബന്ധിപ്പിക്കണം. ഇതിനായി വാട്സ്ആപ്പ് സെറ്റിങ്സില്‍ നിന്നും പേമെന്റ്സ് ഓപ്ഷന് തിരഞ്ഞെടുത്ത് നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക.
ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള അതേ നമ്പര്‍ തന്നെ ആയിരിക്കണം വാട്സ്ആപ്പിനും ഉണ്ടായിരിക്കേണ്ടത്.
ബാങ്ക് തിരഞ്ഞെടുക്കുമ്പോള്‍ ആ ബാങ്കില്‍ നിങ്ങളുടെ ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ട് നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും.
അത് തിരഞ്ഞെടുത്താല്‍ ചില വെരിഫിക്കേഷനുകള്ക്കൊടുവില് വാട്സ്ആപ്പ് പേമെന്റ് നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കപ്പെടും.
ഇനി പണം അയക്കാന്‍ ഉദ്ദേശിക്കുന്ന ആളും വാട്സ്ആപ്പ് പേമെന്റ് ആക്റ്റിവേറ്റ് ചെയ്തിരിക്കണം.
ശേഷം, പണം അയക്കാന്‍ ഉദ്ദേശിക്കുന്നയാളുമായുള്ള ചാറ്റ് വിന്‍ഡോയിലേക്ക് വരാം. അവിടെ താഴെ ടൈപ്പ് മെസേജ് എന്നതിന് അടുത്തായി 'അറ്റാച്ച്മെന്റുകള്‍ക്കായുള്ള 'ക്ലിപ്പ്' ചിഹ്നം കാണാം. അതില്‍ അമര്‍ത്തുമ്പോള്‍ ഗാലറി, ഡോക്യൂമെന്റ്, ഓഡിയോ, ലൊക്കേഷന്‍ എന്നിവയുടെ കൂടെ പേമെന്റ് എന്ന ഓപ്ഷനും കാണാം. അതില്‍ തൊട്ടതിന് ശേഷം ആവശ്യമായ തുക ടൈപ്പ് ചെയ്ത് അയച്ചാല്‍ മതി.
https://goo.gl/j2caap Mathrubhoomi