Weather (state,county)

Breaking News

ചാറ്റ് ചെയ്ത് ക്ഷീണിച്ചോ? ഗൂഗിളിന്റെ റിപ്ലൈ റോബോട്ട് നിങ്ങളെ സഹായിക്കും

സുഹൃത്തുക്കളോട് ചാറ്റ് ചെയ്ത്, മൊബൈലില്‍ ടൈപ്പ് ചെയ്ത് ക്ഷീണിച്ചോ ? അങ്ങനെയാണെങ്കില്‍ വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലുമെല്ലാം സുഹൃത്തുക്കളോട് ചാറ്റ് ചെയ്യാന്‍ നിങ്ങളെ ഒരു റോബോട്ട് സഹായിച്ചാലോ? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് അങ്ങനെ ഒരു റോബോട്ടിന് ജന്മം നല്‍കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍.
ഏരിയ 120 എന്ന് വിളിക്കുന്ന ഗൂഗിളിന്റെ പരീക്ഷണ ശാലയില്‍ ഗൂഗിളിന്റെ ഹാങ്ഔട്ട്, അലോ ആപ്പുകളിലും വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, ആന്‍ഡ്രോയിഡ് മെസേജസ്, സ്‌കൈപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകളിലും പ്രവര്‍ത്തിക്കുന്ന 'റിപ്ലൈ' (Reply) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സംവിധാനത്തിന്റെ അണിയറ പ്രവൃത്തികള്‍ നടക്കുന്നുണ്ടെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നിര്‍ദ്ദേശിക്കുന്ന സാങ്കേതിക വിദ്യ ഗൂഗിളിന്റെ അലോ ഉള്‍പ്പടെയുള്ള ആപ്ലിക്കേഷനുകളില്‍ ഇന്ന് ലഭ്യമാണ്. ഈ സംവിധാനത്തെ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിഷ്‌കരിക്കാനുള്ള ശ്രമമാണ് ഗൂഗിള്‍ നടത്തുന്നത്. സന്ദേശങ്ങളയക്കുക എന്ന പ്രവൃത്തി ഒരു സ്പര്‍ശനത്തില്‍ ഒതുക്കുക എന്ന ലക്ഷ്യമാണ് കമ്പനിയ്ക്കുള്ളത്. 
മറ്റുള്ളവര്‍ നിങ്ങള്‍ക്കയക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നിര്‍ദ്ദേശിക്കുക എന്നത് മാത്രമല്ല. നിങ്ങളുടെ ലൊക്കേഷന്‍, നിങ്ങളുടെ കലണ്ടര്‍ തുടങ്ങി ആ ചാറ്റിനിടയില്‍ ആവശ്യമായി വന്നേക്കാവുന്ന വിവരങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ഈ റിപ്ലൈ റോബോട്ടിന്റെ നിര്‍മിത ബുദ്ധി പ്രവര്‍ത്തിക്കുക.
ഉദാഹരണത്തിന് 'നിങ്ങള്‍ എപ്പോള്‍ വീട്ടില്‍ തിരിച്ചെത്തും ? ' എന്ന് ഒരാള്‍ നിങ്ങളോട് ചോദിച്ചു എന്നിരിക്കട്ടെ. നിങ്ങളുടെ ഗതാഗത മാര്‍ഗവും നിങ്ങളുടെ നിലവിലെ സ്ഥാനവും അടിസ്ഥാനമാക്കിയുള്ള മറുപടി നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. 
നിങ്ങളുടെ കലണ്ടര്‍ പരിശോധിച്ച് നിങ്ങള്‍ ഇന്ന് അവധിയാണോ എന്നും മറ്റുമുള്ള വിവരങ്ങള്‍ മറുപടി നിര്‍ദ്ദേശമായി റോബോട്ട് നല്‍കും. 
കൂടാതെ 'ഡു നോട്ട് ഡിസ്റ്റര്‍ബ് മോഡും' റിപ്ലൈ റോബോട്ടിനുണ്ടാവും. ഇതുവഴി നിങ്ങള്‍ക്ക് മറുപടി സന്ദേശം അയക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത് എങ്കില്‍ അക്കാര്യം അറിയിച്ചുള്ള മറുപടി റോബോട്ട് നല്‍കും. കൂടാതെ പ്രധാനപ്പെട്ട സന്ദേശങ്ങള്‍ തിരിച്ചറിയാനും അത് നിങ്ങളെ അറിയിക്കാനും റോബോട്ടിന് കഴിയും.
https://goo.gl/3Mmo3c.   Mathrubhoomi