4ജി ഡാറ്റ ഉപയോഗം 82 ശതമാനം; ശരാശരിയില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്തി ഇന്ത്യ
ന്യൂഡല്‍ഹി: രാജ്യത്ത് 4ജി ഡാറ്റാ ഉപഭോഗത്തില്‍ വന്‍ വര്‍ധന. നോക്കിയയുടെ വാര്‍ഷിക മൊബൈല്‍ ബ്രോഡ് ബാന്‍ഡ് ഇന്‍ഡക്സ് അനുസരിച്ച് 2017ല്‍ 82 ശതമാനം 4ജി ഡാറ്റയാണ് ഉപയോഗിച്ചത്.
4ജി നെറ്റ്വര്ക്കുകള് അതിവേഗം വ്യാപിച്ചതും വിലക്കുറവില്‍ മൊബൈല്‍ ഫോണുകള്‍ ലഭ്യമായതും 4ജി ഡാറ്റാ ട്രാഫിക്കില്‍ 135 ശതമാനം വളര്‍ച്ചയുണ്ടാക്കി. 286 ശതമാനം വളര്‍ച്ചയാണ് 3ജി ഡാറ്റാ ട്രാഫിക്കില്‍ ഉണ്ടായത്.
ടെലികോം സേവന ദാതാക്കള്‍ 4ജി നെറ്റ് വര്‍ക്കുകള്‍ വ്യാപിപ്പിക്കുന്നതാണ് 2017ല്‍ കണ്ടത്. ഇത് ഇനിയും തുടരും. സ്മാര്‍ട്ഫോണുകളുടെയും ഫീച്ചര്ഫോണുകളുടേയും വിലയിലുണ്ടായ ഇടിവും രാജ്യത്തെ ഡാറ്റാ ഉപഭോഗത്തില്‍ വര്‍ധനവുണ്ടാക്കി.' നോക്കിയയുടെ ഇന്ത്യയിലെ മാര്‍ക്കറ്റ് തലവനായ സഞ്ജയ് മാലിക് പറഞ്ഞു.
വീഡിയോ കാണുന്നതിനാണ് കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നത്. ആകെയുള്ള മൊബൈല്‍ ഡാറ്റ ട്രാഫിക്കില്‍ 65 ശതമാനം മുതല്‍ 75 ശതമാനം വരെ വീഡിയോകള്‍ക്ക് വേണ്ടിയാണ് വിനിയോഗിച്ചിട്ടുള്ളത്.
ഹിന്ദിയുടേയും മറ്റ് പ്രാദേശിക ഭാഷകളുടെയും സാന്നിധ്യവും ഇതില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും നോക്കിയയുടെ പഠനത്തില്‍ പറയുന്നു. ഓണ്‍ലൈന്‍ വഴി കണ്ട 90 ശതമാനം വീഡിയോകളും ഹിന്ദിയിലും പ്രാദേശിക ഭാഷകളിലുമുള്ളതാണ്.
4ജി ഫീച്ചര്‍ ഫോണുകളുടെ കടന്നുവരവാണ് അടുത്തതായി ഇന്ത്യന്‍ ബ്രോഡ്ബാന്‍ഡ് വിപണിയെ സ്വാധീനമുണ്ടാക്കാന്‍ സാധ്യതയെന്നും മാലിക് പറഞ്ഞു.
നോക്കിയ മൊബൈല്‍ ഫോണുകള്‍ വഴി 7.4 ജിബി ഡാറ്റയാണ് പ്രതിമാസം ഉപയോഗിക്കപ്പെട്ടത്. ഇതുവഴി ബ്രിട്ടന്, ദക്ഷിണകൊറിയ, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളേക്കാള്‍ ഇന്ത്യ മുന്നേറി. മറ്റ് വികസിത വിപണികളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയുടെ പ്രതിമാസ ശരാശരി ഡാറ്റാ ഉപഭോഗം 8.8 ജിബി ഡാറ്റയാണ്.
എല്‍ടിഇ സൗകര്യമുള്ള ഫോണുകളുടെ എണ്ണം 21.8 കോടിയായി വര്‍ധിച്ചുവെന്നും നോക്കിയ പറയുന്നു. 2020 ഓടെ 5ജി നെറ്റ് വര്‍ക്കുകള്‍ അവതരിപ്പിക്കപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://goo.gl/pF7YQC