മലപ്പുറത്തുനിന്ന് ഉഗ്രശേഷിയുള്ള കുഴിബോംബുകൾ
മലപ്പുറം: മലപ്പുറം കുറ്റിപ്പുറം ഭാരതപ്പുഴ മേല്‍പ്പാലത്തിന് അടിയില്‍ നിന്നും കണ്ടെത്തിയത് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍. സൈനികര്‍ ഉപയോഗിക്കുന്ന മൈന്‍ വിഭാഗത്തില്‍പ്പെട്ടവയാണ് ഇവ. സംഭവസ്ഥലത്ത് തൃശൂര്‍ റേഞ്ച് ഐജി എം.ആര്. അജിത്ത്കുമാറും സംഘവും പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് കുറിച്ചന്വേഷിക്കാന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്കുമാര്‍ ബഹ്റയെ ചുമതലപ്പെടുത്തി.
ബാഗിനകത്തും മണലിലുമായി അഞ്ച് സ്ഫോടക വസ്തുക്കളാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാത്രി സമീപവാസിയാണ് ഇവ കണ്ടത്. ഉടന്‍ ഫോട്ടോസഹിതം പോലീസില്‍ വിവരം നല്കി. പിന്നീട് പോലീസെത്തി പരിശോധിച്ചപ്പോഴാണ് സൈനികര്‍ ഉപയോഗിക്കുന്ന മൈന്‍ വിഭാഗത്തില്‍പ്പെട്ട സ്ഫോടക വസ്തുക്കളാണെന്ന് വ്യക്തമായത്.
തുടര്‍ന്ന് ഇവ മലപ്പുറം എആര്‍ ക്യാമ്പിലെത്തിച്ചു. സൈനിക ഉദ്യോഗസ്ഥര്‍ ക്യാമ്പിലെത്തി പരിശോധിച്ചാലേ ഇക്കാര്യങ്ങള്‍ വ്യക്തമാകൂ. ഉദ്യോഗസ്ഥര്‍ എത്തിയ ശേഷമേ ഇവ നിര്‍വീര്യമാക്കാനും സാധിക്കൂ. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സ്ഥലം ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധിച്ചു.
ഇവ എങ്ങനെ കുറ്റിപ്പുറത്ത് എത്തി എന്ന കാര്യത്തില്‍ ദുരൂഹതയുണ്ട്. മലപ്പുറം എസ്പി ദേബേഷ്കുമാര്‍ ബഹ്റയുടെ നേതൃത്വത്തിലുള്ള സംഘം കൂടുതല്‍ അന്വേഷിക്കും.
https://goo.gl/3aapd6