Weather (state,county)

Breaking News

ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തരുതെന്ന നിര്‍ദ്ദേശം ലഭിച്ചിരുന്നതായി അപ്പോളോ ചെയര്‍മാന്‍


ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില ഗുരുതരമാണെന്ന കാര്യം വെളിപ്പെടുത്തരുതെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നതായി അപ്പോളോ ആശുപത്രി ചെയര്‍മാന്‍ പ്രതാപ് സി റെഡ്ഡി. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമാണ് പ്രതാപ് റെഡ്ഡി.  ഗുരുതരനിലയിലാണ് ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പിന്നീട് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 11 നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ അഞ്ചിനാണ് അവര്‍ മരിച്ചത്. 
ജയലളിത ഗുരുതരാവസ്ഥയിലാണെന്ന് ജനങ്ങള്‍ അറിഞ്ഞാല്‍ അവരുടെ വികാരം നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്. അതിനാല്‍ ജയലളിതയുടെ യഥാര്‍ഥ ആരോഗ്യനില വെളിപ്പെടുത്തരുതെന്നാണ് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരാണ് നിര്‍ദേശം നല്‍കിയതെന്ന കാര്യം വെളിപ്പെടുത്താന്‍ പ്രതാപ് റെഡ്ഡി തയ്യാറായില്ല. ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയമിച്ച ഏകാംഗ കമ്മീഷനില്‍നിന്ന് ഹാജരാകാനുള്ള നിര്‍ദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ എ എന്‍ എസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.