ഐ എസ് ലേക്കുള്ള വഴി
കൊച്ചി : ഇസ്ലാമിക് സ്റ്റേറ്റിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്ന വഴികള്‍ വെളിപ്പെടുത്തി എന്‍ഐഎ റിപ്പോര്‍ട്ട്.വിവിധ രാജ്യങ്ങളിലൂടെ മലയാളികളെ സിറിയയിലെത്തിക്കാന്‍ കൃത്യമായ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും ആളുകളെ കണ്ടെത്തുന്നതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
എന്‍ഐഎ കസ്റ്റഡിയിലുളള കണ്ണൂര്‍ സ്വദേശി ഷാജഹാന് വെളുവക്കണ്ടിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് എന്‍ഐഎക്ക് നിര്‍ണായക വിവരം ലഭിച്ചത്.നേരിട്ട് സിറിയയിലെത്തുക അസാധ്യമായതിനാല്‍ പ്രധാനമായും മൂന്ന് രാജ്യങ്ങള്‍ വഴിയാണ് മനുഷ്യക്കടത്ത്.മലേഷ്യയാണ് ഇതിന്റെ ബേസ് ക്യാമ്പെന്ന് ഷാജഹാന്റെ മൊഴിയിലുണ്ട്.ചെറു സംഘങ്ങളായി മലേഷ്യയിലെത്തിക്കുന്ന ആളുകളെ അവിടെ നിന്നും ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലും പിന്നീട് തുര്‍ക്കിയിലെ ഇസ്താംബൂളിലും എത്തിക്കും.തുടര്‍ന്ന് കരമാര്‍ഗ്ഗം സിറിയയിലേക്ക് എത്തിക്കുകയാണ് രീതിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.സിറിയയില്‍ എത്തും വരെ സുരക്ഷ മുന്‍ നിര്‍ത്തി ടെലിഗ്രാം ചാറ്റാണ് ഇവര്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്.
അതേസമയം സോഷ്യല്‍ മീഡിയ വഴിയും പോപ്പുലര്‍ ഫ്രണ്ട് ഇടപെടലിലൂടെയുമാണ് ആളുകളെ കണ്ടെത്തുന്നതെന്ന് ഷാജഹാന് വെളുവക്കണ്ടി വ്യക്തമാക്കുന്നു.2009-ല്‍ പോപ്പുലര്‍ ഫ്രണ്ടില്‍ അംഗമായ ഷാജഹാനുള്പ്പെടെ 9 പേര് 2013-ല്‍ സംഘടനയുടെ മഹാസമ്മേളനത്തിനിടെയാണ് ഐഎസിലേക്ക് പോകാനുളള ഗൂഢാലോചനയില്‍ പങ്കാളികളായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.മാത്രമല്ല ഫ്രീ തിങ്കേഴ്സ്,റെറ്റ് തിങ്കേഴ്സ് എന്നീ പേരുകളില്‍ മലയാളികള്‍ അംഗങ്ങളായ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ഭീകരവാദ സാന്നിദ്ധ്യം ശക്തമാണെന്ന ഞെട്ടിക്കുന്ന വിവരവും റിപ്പോര്‍ട്ടിലുണ്ട്.സമാന ചിന്താഗതിക്കാരായ ആളുകളെ കണ്ടെത്തുന്നതിന് ഭീകരര്‍ ഈ ഗ്രൂപ്പുകള്‍ ഉപയോഗപ്പെടുത്തുന്നതായാണ് വെളിപ്പെടുത്തല്‍