Weather (state,county)

Breaking News

ടെസ്റ്റ് സമനിലയില്‍

അവസാന ദിനമായ ഇന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്ന ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായി നായകന്‍ വിരാട് കൊഹ്‍ലി കളം നിറ‍ഞ്ഞാടി. 119 പന്തുകളില്‍ നിന്നും 104 റണ്‍സുമായി പുറത്താകാതെ നിന്ന കൊഹ്‍ലി കരിയറിലെ പതിനെട്ടാം ശതകത്തോടൊപ്പം അന്താരാഷ്ട്ര കരിയറിലെ അമ്പതാം ശതകവും സ്വന്തമാക്കി. എട്ടിന് 352 റണ്‍ എന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ അവശേഷിക്കുന്ന മൂന്നു മണിക്കൂറിന്‍റെ നിസാരമായ അതിജീവനം മാത്രമായിരുന്നു ലങ്കന്‍ പടയും കാണികളും പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ആദ്യ ഇന്നിങ്സിലെ പിഴവുകള്‍ തിരുത്തി ലങ്കന്‍ ബാറ്റ്സ്മാന്‍മാരെ വരിഞ്ഞു കെട്ടുന്ന സമിയെയും ഭുവനേശ്വര്‍ കുമാറിനെയുമാണ് പിന്നെ കണ്ടത്. ഫാസ്റ്റ് ബൌളിങിന്‍റെ സമസ്ത സൌന്ദര്യവും നിറഞ്ഞു തുളിമ്പിയ നിമിഷങ്ങളില്‍ ടെസ്റ്റിലാദ്യമായി ലങ്കന്‍ കൂടാരം വിറച്ചു. വിക്കറ്റുകള്‍ ഒന്നൊന്നായി കൊഴിഞ്ഞു വീഴും തോറും സന്ദര്‍ശകര്‍ അമിത പ്രതിരോധത്തിലായി.  ഭൂരിഭാഗവും മഴ കവര്‍ന്ന ഒരു മത്സരത്തില്‍ വിധിയെഴുത്ത് സാധ്യമാകുമെന്ന് തോന്നിച്ച നിമിഷങ്ങളില്‍ വെളിച്ചം വില്ലനായി. അപഹാസ്യമായ ഒരു പരാജയമെന്ന ഭീതിയില്‍ നിന്നും കരകയറിയ ആശ്വാസത്തിലായിരുന്നു ലങ്കന്‍ സേന. മത്സരത്തില്‍ 10 ഓവര്‍ അപ്പോഴും ബാക്കിനില്‍പ്പുണ്ടായിരുന്നു. മൂന്ന് മണിക്കൂര്‍ മാത്രം അവശേഷിക്കെ വിജയിക്കാന്‍ 231 റണ്‍ പിന്തുടര്‍ന്ന് രണ്ടാം ഇന്നിങ്സിന് പാഡണിഞ്ഞ സന്ദര്‍ശകര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 75 എന്ന സ്കോറില്‍ പതറുമ്പോഴായിരുന്നു വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ നിര്‍ത്തിവച്ചത്.